2016, സെപ്റ്റംബർ 21, ബുധനാഴ്‌ച

വിരുന്നുകാരെത്തുമ്പോൾ . . .

വിരുന്നുകാരെത്തുമ്പോൾ
വീടൊരു  കൊട്ടാരമായി മാറും

മച്ചിലെ എലികളും
കണ്ടമ്പൂച്ചയും ഓടിയൊളിക്കും
തൊടിയിൽ നിന്നൊരു വട്ടയില
കാറ്റിലൊട്ടി വന്ന് പൊട്ടിയ
ഓടിന്റെ ഓട്ടയടക്കും
പഴന്തുണികൾ കട്ടിലിനിയിലേക്ക്
പാലായനം ചെയ്യും

മുറ്റം വീടിനുചുറ്റും ഒഴുകി നടക്കും
വെയിൽ ഇലകളോട് ഒളിച്ചുകളിക്കും
പിന്നാമ്പുറത്തൊരു പൂവൻ
സ്വർഗത്തിലേക്കെത്തിനോക്കും
ഉറികളിൽ നിന്നും അടച്ചുവച്ച ടിന്നുകളിൽ നിന്നും പലഹാരങ്ങൾ
പ്ലേറ്റുകളിൽ സ്വാതന്ത്ര്യം ആഘോഷിക്കും
അടുക്കള വീടിനേക്കാൾ വലുതാവും
വിറകുകൾ തീയെ
പ്രണയിക്കുന്നപോലെ കത്തും
മരിച്ചുപോയവരും  കാണാതായവരുമായ
ബന്ധുക്കൾ പഴമ്പുരാണം പറയും
സന്ധ്യക്കൊരു വവ്വാൽ വരാന്തയില്‍ വട്ടം പറക്കും

വിരുന്നുകാർ വരുമ്പോള്‍
വീടൊരു സ്വർഗ്ഗമാവും
അന്ന്അമ്മ നിലാവിനേക്കാൾ
നന്നായി ചിരിക്കും .

2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

ഊർമ്മിള


ഞാൻ ,
മൗനം കൊണ്ട്
ജീവിതം വരച്ചവൾ
കാത്തിരിപ്പുകൊണ്ട്
പ്രണയം രുചിച്ചവൾ
അമ്പുകൊള്ളാതെ
ഹൃദയം മുറിഞ്ഞവൾ
അഗ്നി കുളിക്കാതെ
സർവ്വവും വെന്തവൾ

എങ്കിലും ലക്ഷ്മണാ . . ,
എന്റെ കണ്ണിലെ കടലാഴങ്ങളിൽ
നിന്റെ  ഉപ്പു കനച്ചിരിപ്പുണ്ട്
അതു മതി ഇനിയൊരായിരം
രാമായണ കാലം കഴിയുവാനീ
ഊർമ്മിളക്ക് . . . . . . .  . . . . . . . . .

പുറത്താക്കപ്പെട്ടവൻ



സ്വപ്നങ്ങളിൽ നിന്നും പുറന്തള്ളപ്പെട്ടവന്റെ പകൽ
ഉന്മാദത്തിന്റ പറുദീസയാണ്
ഭൂതകാലത്തിന്റെ ചെതുമ്പലുകടർത്തി
ഇളംവെയിലിലുണക്കി
അവന്‍ വിരസതയകറ്റും

വെള്ളിമേഘങ്ങളോടു
മഴപ്പാറ്റകളുടെ സങ്കീർത്തനങ്ങളെ കുറിച്ചു വാചാലനാവും
കൂന്നുകളോടു മോശയുടെ പേടകത്തിലെ പിണങ്ങിയ
ഇണയെക്കുറിച്ചുള്ള
ആശങ്കകൾ പങ്കുവക്കും
യുമീമും തുമീമും വെറും വെള്ളാരങ്കല്ലുകളായിരുന്നുവെന്നു
വാതു വക്കും
മണ്ണില്‍ ചെവി ചേർത്തു
കടലിന്റെ സംഗീതം കേൾക്കും

പക്ഷേ ...
സ്വപ്നങ്ങളില്‍ നിന്നും പുറന്തള്ളപ്പെട്ടവന്റെ
രാത്രികള്‍
ശ്മശാനങ്ങളിലെ കാഞ്ഞിരം പോലെ കരഞ്ഞുകൊണ്ടേയിരിക്കും

എഴുതുമ്പോള്‍ . . . .



ഹൃദയത്തിൽ മുറിവേറ്റവരെ
എഴുതുമ്പോള്‍
അക്ഷരങ്ങൾക്കു പകരം
നിലാവിനെയും
തുമ്പികളെയും നിറയ്ക്കുക
മഞ്ഞുതുള്ളികൾകൊണ്ട്
ഞരമ്പുകളെ പൊതിയുക

പ്രണയം കൊണ്ടു മുറിവേറ്റവരെ എഴുതുമ്പോള്‍ വാക്കുകൾക്കു
പകരം കൂർത്ത മുള്ളുകള്‍ വേണം .
മുള്ളിറക്കത്തിന്റെ നിർവൃതിയിൽ
നക്ഷത്രങ്ങൾ പൊഴിഞ്ഞു വീണ
അവന്റെ ആകാശം
മറവികൊണ്ട്  കറുത്തിരുണ്ടേക്കാം . .

എന്നെയെഴുമ്പോൾ നീ
എന്റെ ചോരകൊണ്ടെഴുതുക ,
സ്വപ്നക്കണ്ണുകൾ ഇറുക്കിയടച്ച്  ഞാനെന്നെതന്നെ തുരന്നു തിന്നു
കൊണ്ടേയിരിക്കുന്നുണ്ട് . .

ഇറുത്തെടുത്ത പൂക്കള്‍ കൊണ്ടാണത്രേ പൂമ്പാറ്റകളുടെ ഹൃദയം മുറിഞ്ഞത് . . . . .

പൂക്കുന്നത് . . .

മരിച്ചു മണ്ണടിഞ്ഞവന്റെ
പിന്നേയും മിടിക്കുന്ന ഹൃദയത്തില്‍
വേരുകൊണ്ടു തൊടുമ്പോൾ പൂക്കാതിരിക്കാനാവില്ലയെന്നു
വർഷത്തിലും പൂത്തുപറയുന്നുണ്ടൊരു
പനിനീർ ചെടി . . .

പള്ളിക്കാട്ടിലെ മൈലാഞ്ചി

കാണാന്‍ മറന്ന സ്വപ്നങ്ങളുടെ
പച്ചപ്പാണ് ഞാൻ,
അടി കബറിൽ നിന്ന്
വേരുകളിലൂറുന്നതാണ്
പ്രണയത്തിന്റെ ഈ ചോപ്പ് _

പള്ളിക്കാട്ടിലെ മൈലാഞ്ചി