2016, സെപ്റ്റംബർ 21, ബുധനാഴ്‌ച

വിരുന്നുകാരെത്തുമ്പോൾ . . .

വിരുന്നുകാരെത്തുമ്പോൾ
വീടൊരു  കൊട്ടാരമായി മാറും

മച്ചിലെ എലികളും
കണ്ടമ്പൂച്ചയും ഓടിയൊളിക്കും
തൊടിയിൽ നിന്നൊരു വട്ടയില
കാറ്റിലൊട്ടി വന്ന് പൊട്ടിയ
ഓടിന്റെ ഓട്ടയടക്കും
പഴന്തുണികൾ കട്ടിലിനിയിലേക്ക്
പാലായനം ചെയ്യും

മുറ്റം വീടിനുചുറ്റും ഒഴുകി നടക്കും
വെയിൽ ഇലകളോട് ഒളിച്ചുകളിക്കും
പിന്നാമ്പുറത്തൊരു പൂവൻ
സ്വർഗത്തിലേക്കെത്തിനോക്കും
ഉറികളിൽ നിന്നും അടച്ചുവച്ച ടിന്നുകളിൽ നിന്നും പലഹാരങ്ങൾ
പ്ലേറ്റുകളിൽ സ്വാതന്ത്ര്യം ആഘോഷിക്കും
അടുക്കള വീടിനേക്കാൾ വലുതാവും
വിറകുകൾ തീയെ
പ്രണയിക്കുന്നപോലെ കത്തും
മരിച്ചുപോയവരും  കാണാതായവരുമായ
ബന്ധുക്കൾ പഴമ്പുരാണം പറയും
സന്ധ്യക്കൊരു വവ്വാൽ വരാന്തയില്‍ വട്ടം പറക്കും

വിരുന്നുകാർ വരുമ്പോള്‍
വീടൊരു സ്വർഗ്ഗമാവും
അന്ന്അമ്മ നിലാവിനേക്കാൾ
നന്നായി ചിരിക്കും .

അഭിപ്രായങ്ങളൊന്നുമില്ല: