2020, മേയ് 15, വെള്ളിയാഴ്‌ച



അസിർ അൽ ഷൗഖ് . . 
***********************

ഇനിയന്റെ  തടവറയൊരുക്കിക്കൊള്ളുക !
കൈകാലുകളിലേക്കുള്ള
ചങ്ങലകൾ വിളക്കിച്ചേർക്കുക .

കരിന്തേളുകളെയും
പഴുതാരകളെയും അത്രത്തോളം മാരകമായ ഇരുട്ടിനെയുംകൊണ്ട് എന്റെ കിടപ്പുമുറിയൊരുക്കുക . .

പകരം  ,
ഇന്നൊരു രാത്രി
മാത്രമീ
വിരഹത്തിന്റെ
നോവൊന്നകറ്റിത്തരിക,

*റബബാഹും
*സന്തൂറുകളും പാടട്ടെ
വീഞ്ഞുഭരണികൾക്കു
മത്തുപിടിക്കട്ടെ  . .
ബനിയാസിന്റെ
മരുപ്പച്ചകൾ മുഴുവൻ
പനിനീർപൂക്കൾ വിരിയട്ടെ .

ഹേ ,ഉണങ്ങിയ ഘാഫ് മരത്തിന്റെ കുറ്റികളോളം  നിശബദതയിലേക്ക് ഉറഞ്ഞുപോയ കാവവൽ ഭടൻമാരെ
നിങ്ങൾക്കറിയുമോ?
ഈ ഇരുട്ടറകളെ
പകലുപോലെ വെളിച്ചമുള്ളതാക്കാനെനിക്കറിയാം
നിങ്ങളുടെ ചങ്ങലകൾകൊണ്ട് തളയ്ക്കാനാവാത്ത 
ഉയരത്തിലെനിക്കു പറക്കാനറിയാം
ഇത്രമേൽ ഞാൻ ആത്മാവിന്റെ  തടവുകാരനായിരുന്നില്ലെങ്കിൽ ,
ഇത്രമേൽ ഞാൻ പ്രണയത്തിന്റെ തടവുകാരനായിരുന്നില്ലെങ്കിൽ

നാളെ ,
മഞ്ഞുതുള്ളികൾ പുണരുന്നത് സ്വപ്നം കണ്ടുുണരുന്ന ഈന്തപ്പനകളോട്
നിങ്ങൾ ഉറക്കെ വിളിച്ചുപറയണം ഇയാൾ
പ്രണയത്തിന്റെ തടവുകാരനായിരുന്നുവെന്ന് ,
വിരഹത്തിന്റെ വിഷം കുടിച്ചവനായിരുന്നെന്ന് .

ആത്മാവിന് ഉടയാടകൾ വേണ്ടാത്ത ഈ അവസാന യാമത്തിൽ  ഞാനിതാ,
ഉsലഴിച്ച് പ്രണയത്തയും അതിനെ ചുറ്റിയിരിക്കുന്ന നീലവെളിച്ചത്തെയും  സ്വതന്ത്രമാക്കുന്നു.

    -----------------------------------------------------

**രണ്ട് അറേബ്യൻ സംഗീത ഉപകരണങ്ങൾ


ഓനച്ചന്റെ ടർക്കിഷ്ടവ്വൽ
➖➖➖➖➖➖➖➖➖➖
ഓനച്ചൻ ചേട്ടന്റെ തോളത്തേക്ക് ഈ ടർക്കിഷ്ടവ്വൽ ചുമ്മാതങ്ങ് കേറിയിരുന്നതല്ല.

ഈ മലമൂട്ടിലേക്ക് കുടിയേറാൻ വന്നപ്പോൾ
അപ്പൻ ഔതകുട്ടിയുടെ തോളത്ത് കണ്ട ഓർമ്മയും,
വല്യപ്പന്റെ അപ്പൻ  ചെറിയ തൊമ്മിയുടെ തോളത്ത് ഉണ്ടായിരുന്നുവെന്ന  കേട്ടറിവും
കൂടി പാരമ്പര്യത്തിന്റെയും അന്തസ്സിന്റെയും
അടയാളമായി അതങ്ങിനെ
കിടന്നു പോന്നതാണ് .

മലമ്പനി വന്ന് മൂത്ത ചെറുക്കൻ ലാലിച്ചനെ  പുതിയ ശിമത്തേരിയിലേക്ക് കൊണ്ടുപോകാൻ നേരം
നെഞ്ച് പിളർന്നപ്പോഴോ ,

മലവെള്ളം നിറഞ്ഞ്
ഒള്ള കപ്പ മുഴുവൻ ചീഞ്ഞ്
കണ്ണു നിറഞ്ഞപ്പോഴോ

നെഞ്ച് തടവിയോ
കണ്ണീരൊപ്പിയോ വൃത്തികേടാക്കാതെ
തോളത്ത് തന്നെ
എന്തൊരു എടുപ്പോടെയാണാ   ടവ്വൽ കിടന്നിരുന്നത്

കുടിയേറി വന്നിടത്ത്
ഒന്ന് തല ചായ്ക്കാനിടം കിട്ടാതെ വന്നവഴി പെറുക്കിക്കൂട്ടി പോകാനിരുന്ന വെള്ളനെ , പറമ്പിന്റെയും കാടിന്റെയും  അതിരിലേക്ക്
കൂര കെട്ടി കുടിയിരുത്തിയത്
അപ്പൻ ഔതക്കുട്ടി തന്നെയാ .

അതിനു ശേഷം കാടിറങ്ങിയ കാട്ടാനയും കാട്ടുപന്നിയും  മലമ്പാമ്പും
വെള്ളന്റെ കുഴിമാടത്തിനിപ്പുറത്തേക്ക് എത്തി നോക്കിയിട്ടു പോലുമില്ല.

എന്നിട്ടിപ്പം
അവന്റെ മക്കളേം മരുമക്കളേം ഇറക്കി വിടണമെന്ന  രണ്ടാമത്തവന്റെ
അവസാനതീർപ്പു വന്നപ്പോൾ

പിന്നെ  എന്നാത്തിനാ ഉവ്വേ
എനിക്കീ കോപ്പിലെ
കോണോൻ എന്ന്
വലിച്ചെറിഞ്ഞപ്പഴാ
ഏലിക്കൊച്ച് ഓനച്ചനപ്പാപ്പന്റെ  ടൗവ്വൽ ശരിക്കും ശ്രദ്ധിച്ചത്

കുങ്കുമത്തിനും  പച്ചക്കുമിടയിൽ
ഒഴുകുന്ന വെള്ളക്കരയുള്ള
പട്ടു പോലൊരു ടർക്കിഷ് ടവ്വൽ !

ഭുപടത്തിലെ
കാശ്മീരിൽ പെൻസിൽമുന വെച്ച് അവടമ്മ , കൊച്ചേ നീയിതെവിടാ ശ്രദ്ധിക്കുന്നേ എന്ന ചോദ്യമാവർത്തിക്കുന്നുണ്ടായിരുന്നപ്പോൾ

ഒട്ടും മുനവെക്കാതെ
ഏലിക്കൊച്ച്  ഉത്തരം പറഞ്ഞു.
വെള്ളച്ചന്റെ കുഴിമാടത്തിലാമ്മേ ..!
     
'
അതിജീവനം

വാക്കിന്റെ ചിതറിത്തെറിച്ച മാംസത്തുണ്ടുകൾക്കിടയിൽനിന്നെപ്പോഴോ
നനഞ്ഞ തീരത്തിന്റെ മടിയിലേക്ക്  തിര കമഴ്ത്തിക്കൊണ്ടുവച്ച ഐലന്റെ
ആരോകട്ടെടുത്ത പുഞ്ചിരിയുടെ പേരാണത് .

മഴതിന്നുപോയ വീടിന്റെവേരിൽ,
കളർച്ചോക്കുകൊണ്ട് വരച്ച
പൂച്ചയുടെ കണ്ണിൽ ഇനിയും കെട്ടുപോകാത്ത തിളക്കമാണത് .

ദൈവങ്ങൾ കേൾക്കാതെപോയ
നിലവിളികളെ  ചോരമുക്കി
അവൾ പൊതിഞ്ഞുവെച്ച വയലറ്റുടുപ്പിൽ ,
രോഷത്തിന്റെ കിന്നരികൾ തുന്നിത്തളർന്ന  പെൺമയുടെ
പിറുപിറുപ്പാണത് .

ശ്വാസംമുട്ടിച്ചു കൊന്ന ഭാഷയുടെ
അവസാന നിശ്വാസത്തിൽ
നിന്നും കാറ്റൊളിച്ചുകടത്തിയ
വിത്ത് മുളച്ചു വരാനിരിക്കുന്ന
പൂവിനെ മറ്റെന്തു
വിളിക്കാൻ ?

ഹോ ദൈവമേ ,
ഇനിയുമെത്ര ശക്തിയിൽ വലിച്ചാലാണ്
ഒരു നിമിഷത്തേക്കെങ്കിലുമത് സാധ്യമാവുക.

2017, ജനുവരി 31, ചൊവ്വാഴ്ച

നഷ്ടദൂരങ്ങൾ

നഷ്ടദൂരങ്ങൾ . .
*****************

ഇനിയെത്ര ദൂരം നടക്കണം
അകലെയാ
വാക്കുകള്‍മുളയ്ക്കുന്ന
കുന്നിലെത്താൻ . .

ഇനിയെത്ര പുഴകൾ കടക്കണം കൂരിരുൾ- ക്കാടെത്ര താണ്ടണം കൂട്ടുകാരീ . . .

മഴയില്ല ,തിരയില്ല ,തീരമില്ല,,
പോക്കുവെയിലില്ല,
സന്ധ്യതൻ ചോപ്പുമില്ല
മഞ്ഞില്ല , മഞ്ഞണിക്കൊമ്പുമില്ല
പൂവില്ല , കിളികളുടെ പാട്ടുമില്ല

മൗനം പെരുക്കുമീ
കൂരിരുൾകുടിച്ചു ഞാൻ
നഷ്ടവേഗങ്ങൾക്കു
കാവൽ നില്പൂ

വിടപറഞ്ഞന്നു നാം പിരിയുന്ന നേരത്തു
കണ്ണിൽ നിറഞ്ഞൊരു തുള്ളിമാത്രം . .
നിന്റെ കരിമഷികലങ്ങിയതിൻ
കാഴ്ചമാത്രം . .

ഓർമിക്കൂവാനിനിയെന്തുണ്ടു നമ്മൾക്കു
ദൂരെയൊരു നോവിൻ കടൽമുഴക്കം
തീരമണയാത്ത തിരകളുടെ
നോവു മാത്രം . . . .

ഇനിയെത്ര ദുരം നടക്കണം
നാമന്നു പ്രണയം പറഞ്ഞൊരാ
പാടമെത്താൻ . .

ബലി

ബലി
********

വിളറിവെളുത്ത
പകലുകളിൽ ,
വിശപ്പുതിളച്ച
വെയിലുകളിൽ ,

തോറ്റു തളർന്ന
വൈകുന്നേരങ്ങളിൽ ,
ലഹരിപെറ്റ
സന്ധ്യകളിൽ ,

മുഷിഞ്ഞുനാറിയ
രാത്രികളിൽ ,
മുറിഞ്ഞു പോയ
സ്വപ്നങ്ങളിൽ ,

എന്റെ തൊണ്ടയിൽ
കുരുങ്ങിപ്പോയ
പക്ഷിയാണ്  പ്രണയം

എള്ളും ഉണക്കരിയും
കുഴച്ചൊരുരുള നീ മാറ്റിവെക്കുക

ബലിക്കല്ലിൽ തലതല്ലിചത്ത
ചിറകുകൾക്കു് . . . .  .

2016, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

രക്തസാക്ഷിയുടെ അമ്മ



ബലിദാനിയുടെയും
ജിഹാദിയുടെയും
രക്തസാക്ഷിയുടേയും
അറ്റുവീഴുന്ന തലകളിൽനിന്നും
ഇറ്റിവീഴുന്ന ചോര
ഒഴുകിചേരുന്നിടത്ത് ,
തെരുവിൽ
പിഞ്ഞിക്കീറിപ്പോയോരു
താരാട്ടു വാരിപ്പുതച്ചു
ഒറ്റക്കിരിക്കുന്നുണ്ടോരമ്മ !!

ആൾക്കൂട്ടങ്ങൾക്കും
മുദ്രാവാക്യങ്ങൾക്കുമപ്പുറം
കവിളത്തു കരിമഷി മറുകുത്തിയ
ഓർമകൾ ചുമരിലെ
ആണിയിൽ പിടയുമ്പോൾ
ചട്ടനായ് പൊട്ടനായ് പിറന്നിരുന്നെങ്കിലെന്നു
നെടുവീർപ്പിടുന്ന ജന്മം

വിധിക്കുന്നവരും
നടപ്പിലാക്കുന്നവരും
ഒരു വെട്ടു ഇവർക്കുകൂടി മാറ്റിവെക്കാൻ ദയവുകാണിക്കുക . . .

2016, സെപ്റ്റംബർ 21, ബുധനാഴ്‌ച

വിരുന്നുകാരെത്തുമ്പോൾ . . .

വിരുന്നുകാരെത്തുമ്പോൾ
വീടൊരു  കൊട്ടാരമായി മാറും

മച്ചിലെ എലികളും
കണ്ടമ്പൂച്ചയും ഓടിയൊളിക്കും
തൊടിയിൽ നിന്നൊരു വട്ടയില
കാറ്റിലൊട്ടി വന്ന് പൊട്ടിയ
ഓടിന്റെ ഓട്ടയടക്കും
പഴന്തുണികൾ കട്ടിലിനിയിലേക്ക്
പാലായനം ചെയ്യും

മുറ്റം വീടിനുചുറ്റും ഒഴുകി നടക്കും
വെയിൽ ഇലകളോട് ഒളിച്ചുകളിക്കും
പിന്നാമ്പുറത്തൊരു പൂവൻ
സ്വർഗത്തിലേക്കെത്തിനോക്കും
ഉറികളിൽ നിന്നും അടച്ചുവച്ച ടിന്നുകളിൽ നിന്നും പലഹാരങ്ങൾ
പ്ലേറ്റുകളിൽ സ്വാതന്ത്ര്യം ആഘോഷിക്കും
അടുക്കള വീടിനേക്കാൾ വലുതാവും
വിറകുകൾ തീയെ
പ്രണയിക്കുന്നപോലെ കത്തും
മരിച്ചുപോയവരും  കാണാതായവരുമായ
ബന്ധുക്കൾ പഴമ്പുരാണം പറയും
സന്ധ്യക്കൊരു വവ്വാൽ വരാന്തയില്‍ വട്ടം പറക്കും

വിരുന്നുകാർ വരുമ്പോള്‍
വീടൊരു സ്വർഗ്ഗമാവും
അന്ന്അമ്മ നിലാവിനേക്കാൾ
നന്നായി ചിരിക്കും .